National
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് വാസു അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഈ കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കര്‍ ദാസിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള അതേ നിരീക്ഷണങ്ങള്‍ പിന്തുടര്‍ന്നാണ് ജസ്റ്റീസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് എൻ. വാസുവിന്‍റെ ഹർജിയും തള്ളിയത്. ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നുള്ള നീരീക്ഷണങ്ങളും കോടതി ആവര്‍ത്തിച്ചു.
കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുശേഖരണവും മറ്റ് നടപടികളും നടന്നു കഴിഞ്ഞതിനാല്‍ ഇനി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നുമായിരുന്നു എന്‍. വാസുവിന്‍റെ വാദം.
തന്‍റെ പ്രായവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കാന്‍ പോലും തയാറാകാതെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
കേസിലെ മറ്റ് പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം പൂര്‍ത്തിയായി. വിധി ഇന്നു പറയും.
ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുത്. ഇനിയും തുടരന്വേഷണം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിയ തലങ്ങളിലും അന്വേഷണം നടത്തി അവ വീണ്ടെടുക്കണം. ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.
പ്രതിക്കു ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷനും വാദിച്ചു. പത്തനംതിട്ട ജില്ലയിലോ കേരളത്തിനു പുറത്തോ പോകാന്‍ പാടില്ല. ആഴ്ചയില്‍ രണ്ടു പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. ഇരു വാദങ്ങളും കേട്ട വിജിലന്‍സ് കോടതി ഹർജിയില്‍ ഇന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടെ കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് വിജിലന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരത്തോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറും സിപിഎം പ്രതിനിധിയുമായ എന്‍. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നതു മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, തന്ത്രി കണ്ഠരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും നാളെ പരിഗണിക്കും.
ജാമ്യം ലഭിച്ചാലും അകത്ത് തുടരണം
കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍മോചിതനാകില്ല. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. അതിനാല്‍ ആദ്യഘട്ട കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
Kerala
കോട്ടയം: സ്ത്രീ പിഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു വിധി പറയാനിരിക്കെ പുതിയൊരു ബലാത്സംഗക്കുറ്റംകൂടി ചുമത്തിയത് രാഹുലിനു തിരിച്ചടി. ജാമ്യഹർജിയെ എതിർക്കാൻ പുതിയ ബലാത്സംഗക്കുറ്റം കൂടി പ്രോസിക്യൂഷനു ചൂണ്ടിക്കാണിക്കാനാകും. ഇനി മുൻകൂർ ജാമ്യം ലഭിച്ചാൽത്തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് രാഹുൽ കീഴടങ്ങുന്നില്ലെങ്കിൽ ഒളിവിൽത്തന്നെ തുടരേണ്ടിവരും.
ബലാത്സംഗം ചെയ്തു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിനു പിന്നാലെയാണ് മറ്റൊരു യുവതി കെപിസിസി പ്രസിഡന്‍റിനു രാഹുൽ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഈ പരാതി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പോലീസിനു കൈമാറി. പോലീസ് യുവതിയെ കണ്ടെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുവതിയിൽനിന്നു മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. രാഹുലിനെ കടുത്ത കുരുക്കിലാക്കുന്നതാണ് ഈ നീക്കങ്ങൾ. കേരളത്തിനു പുറത്തുകഴിയുന്ന രണ്ടാമത്തെ യുവതിയിൽനിന്നു മൊഴി രേഖപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അന്വഷണസംഘം നടത്തുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിൽ പോലീസ് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയ്ക്കെതിരേയുള്ള നീക്കങ്ങൾ അവർ ഊർജിതമാക്കിയത്. എട്ടാം ദിവസവും ഒളിവിൽ കഴിയാണ് രാഹുൽ. ക്രൂരമായി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിലുള്ള എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. രാഹുൽ കർണാടക അതിർത്തിയിൽ എവിടെയോ ആണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്.
അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കാള്ള കേസില്‍ ജാമ്യത്തിനായി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ. പത്മകുമാറിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്. അതിലേക്ക് തന്നെ വലിച്ചിഴക്കരുത്.
അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങള്‍ താന്‍ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.